Monday, 13 August 2018

ലഹരി വിമുക്ത കേരളം

എല്ലാ വർഷവും ജൂൺ 26 നാണ് ലോക ലഹരി വിരുദ്ധ ദിനം.....
സാക്ഷരതാ പൂർണ്ണതയിലെന്ന പോലെ, മറ്റെല്ലാ സാമൂഹ്യധർമങ്ങളിലും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന നാടാണ് നമ്മുടെ കേരളമെന്നത് നമുക്ക് ഏവർക്കും അഭിനന്ദനാർഹമായ കാര്യമാണ്. സാമൂഹ്യ പ്രതിബദ്ധത വിഷയങ്ങളിൽ എന്നും എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്ന നമ്മുടെ കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്, യുവതലമുറക്കിടയിൽ വളർന്നു വരുന്ന ലഹരി വസ്തുക്കളോടുള്ള അഭിനിവേശം.
ടെലിവിഷനും ക്രിക്കറ്റും പോലുള്ള കാര്യങ്ങളിലാണ്, മുൻ തലമുറ അടിമകളായിരുന്നതെങ്കിൽ, വളർന്നു വരുന്ന പുകയില-മദ്യോപഭോഗമാണ് ഇന്നിന്റെ ശാപം. ചെറിയ പ്രായത്തിൽ തന്നെ ഒരു വിഭാഗം ആളുകൾ ഇത്തരം പുകയില-മദ്യ ഉപയോഗങ്ങൾക്ക് അടിമകളായി തീരുന്നു എന്നത്, സുസജ്ജമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനായുള്ള ഭരണകർത്താക്കളുടെ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാണ്. ഇത്തരം ലഹരി ഉപഭോഗങ്ങൾക്ക് അടിമയായി തീരുന്ന ഒരുവൻ, അവന്റെ കുടുംബത്തോടും സമൂഹത്തോടുമുള്ള തന്റെ കർത്തവ്യങ്ങൾ മറക്കുന്നു. രാജ്യത്തിനും കുടുംബത്തിനും വേണ്ടി അവൻ ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് അവൻ അകന്നു പോകുന്നു. ലഹരിയോടുള്ള ആസക്തി അവനെ സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്തുന്നു. സാമ്പത്തിക പരാതീനതകളിൽ നിന്ന് കരകയറാൻ, പലവിധ അക്രമങ്ങൾക്കും മുതിരാൻ അവൻ നിർബന്ധിക്കപ്പെടുന്നു, സമൂലം പതിയെ അവൻ സമൂഹത്തിൽ ഒറ്റപ്പെടുന്നു.
ലഹരിക്കടിമയാകുന്നവർക്ക്, അതിൽ നിന്നും മുക്തി നേടുന്നതിനുള്ള ചികിത്സാ നൽകുന്ന ഒറ്റൊരുപാട് പ്രസ്ഥാനങ്ങളുണ്ട് എന്നാലും, ഒരിക്കൽ പോലും ലഹരിയുടെ വാതിൽ ചവിട്ടില്ല എന്ന പ്രതിജ്ഞയാകണം വളർന്നു വരുന്ന ഈ തലമുറ ആദ്യം എടുക്കേണ്ടത്.നൈമിഷികമായ സുഖങ്ങൾ തന്നു കൊണ്ട്, വലിയ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ലഹരിയേക്കാൾ നല്ലത്, സാമൂഹികമായും കുടുംബപരമായും ഒട്ടനവധി പരിഗണനകൾ ലഭിക്കുന്ന ലഹരിവിമുക്ത ജീവിതമാണ് നല്ലതെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കണം.
ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെയും ദുരിതങ്ങളെയും കുറിച്ച് ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ബോധവത്ക്കരിക്കണം. ഏവരെയും ലഹരിയുടെ കറുത്ത ലോകത്തിലേക്കെത്തിക്കാൻ തയ്യാറായി നിൽക്കുന്ന സംഘങ്ങളെക്കുറിച്ചും, അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും ബോധവാന്മാരാക്കണം. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും, അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 26 ലഹരിവിമുക്തദിനമായി ആചരിക്കാറുണ്ട്. വരും തലമുറക്കായി ഒരു ലഹരി വിമുക്ത കേരളം സൃഷിക്കേണ്ടത്‌ നമ്മുടെയൊക്കെ കടമയാണെന്ന സത്യം ഉൾകൊണ്ട് നാം ഓരോരുത്തരും മുന്നിട്ടിറങ്ങിയാൽ ലഹരിവിമുക്ത കേരളമെന്ന ലക്‌ഷ്യം അതി വിദൂരമല്ല.